സാമൂഹ്യസാംസ്കാരികചരിത്രം
സമൃദ്ധമായ പൌരാണിക ചരിത്ര സംഭവങ്ങളിലും, ഐതിഹ്യ കഥകളിലും അത്തോളിയുടെ ചരിത്രത്തിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നു. വടക്കന്‍ പാട്ടുകളിലെവിടെയോ തച്ചോളി ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്. പരശുരാമന്റെ ഐതിഹ്യത്തിലെ നൂറ്റെട്ടു ക്ഷേത്രങ്ങളിലൊന്ന് അത്തോളിയിലാണെന്നു പറയപ്പെടുന്നു. 2000 വര്‍ഷങ്ങളോളം പഴക്കമുള്ള മഹാശിലായുഗത്തിന്റെ ഭാഗമായിരുന്ന കൊടക്കല്ലുകളും കല്ലറകളും ഈ പ്രദേശത്തിന്റെ പൌരാണിക സംസ്ക്കാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തും എത്തിയിരുന്നതായി ചരിത്രസൂചനകളുണ്ട്. സവര്‍ണ്ണ-ജന്മി നാടുവാഴിത്ത സമ്പ്രദായം ഈ പ്രദേശത്ത് ശക്തമാകുന്നത് വെള്ളക്കാരുടെ വരവോടു കൂടിയാണ്. തലശ്ശേരിയില്‍ നിന്നും കച്ചവടാവശ്യത്തിനുവേണ്ടി ഇവിടേക്കു കുടിയേറിയ കേയിമാര്‍ പഴയ ഭൂവുടമകളില്‍ നിന്ന് ഭൂമി സമ്പാദിച്ച് ജന്മിമാരായവരില്‍ പ്രമുഖരാണ്. ദ്രാവിഡ-ഗോത്ര സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടുത്തെ കീഴാളവര്‍ഗ്ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ തെളിഞ്ഞുകാണുന്നുണ്ട്. കോല്‍ക്കളി, തെയ്യം, തിറ, തോറ്റംപാട്ട്, ദഫ്മുട്ട്, പൂതപ്പാട്ട് തുടങ്ങിയ പ്രാചീനമോ പരമ്പരാഗതമോ ആയ കലാരൂപങ്ങള്‍ക്ക് ഇവിടെ ഏറെ പ്രചാരമുണ്ടായിരുന്നങ്കിലും, ഇന്ന് അവയില്‍ ചിലതൊക്കെ സാംസ്കാരിക പാരമ്പര്യത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റപ്പെടുകയോ, അന്യം നിന്നുപോവുകയോ ചെയ്തിട്ടുണ്ട്. ഈ ഗ്രാമത്തില്‍ ഇന്ന് കാണുന്ന എല്ലാ സാംസ്കാരികമുന്നറ്റങ്ങള്‍ക്കും സാമൂഹ്യനവോത്ഥാനത്തിനും വഴിയൊരുക്കിയത് ഇവിടുത്തെ ആദ്യകാല സ്കൂളുകളും, വായനശാലകളും ഗ്രന്ഥാലയങ്ങളുമാണ്. 1945-ല്‍ കൊങ്ങന്നൂരില്‍ സ്ഥാപിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയമാണ് ഈ പഞ്ചായത്തിലെ ആദ്യത്തേത്. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുള്ള ഈ പഞ്ചായത്ത് നേരത്തെ മൊടക്കല്ലൂര്‍, കൊളക്കാട്, വേളൂര്‍ എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്നു. നിസ്സഹകരണസമരം, ക്വിറ്റിന്ത്യാസമരം എന്നിവയിലെല്ലാം സജീവമായി പങ്കെടുത്ത പ്രദേശമാണിത്. അംശക്കച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശവസ്ത്ര ബഹിഷ്ക്കരണ സമരം, ഖാദിപ്രചാരണം തുടങ്ങിയ സമരങ്ങളിലും ക്യാമ്പയിനുകളിലും ഈ പ്രദേശത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ട്. വി.ദാമോദരന്‍നായര്‍, എ.പി.അപ്പുണ്ണി, എം.കെ.ദാമോദരന്‍നായര്‍, സി.അപ്പുനായര്‍, എം.കെ.അച്ചുക്കുട്ടിനായര്‍ തുടങ്ങിയവരൊക്കെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ മുന്‍പന്തിയില്‍ തന്നയുണ്ടായിരുന്നവരാണ്. ക്വിറ്റിന്ത്യാസമരത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരപ്രചാരണം നടത്തിയ വി.ദാമോദരന്‍നായര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ മുഖ്യമന്ത്രിപദം വരെയെത്തിയ സി.എച്ച്.മുഹമ്മദ്കോയ അത്തോളി ഗ്രാമത്തില്‍ ജനിച്ച വ്യക്തിയാണ്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ സമരത്തിലൂടെയാണ് അത്തോളിയില്‍ കര്‍ഷകപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യരംഗത്ത് നടന്ന സമരങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ചുവടു പിടിച്ച്, പിഷാരിക്കാവില്‍ ഹരിജനങ്ങള്‍ക്കു പ്രവേശനം കിട്ടുന്നതിനു നടന്ന സമരത്തില്‍, അത്തോളിയിലെ സവര്‍ണ്ണ വിഭാഗക്കാരുള്‍പ്പെടെ നിരവധി പേര്‍ പങ്കുകൊണ്ടിരുന്നു. മറ്റെല്ലാ സ്ഥലങ്ങളിലുമെന്നപോലെ ഭൂപരിഷ്ക്കരണം ഈ പഞ്ചായത്തിലും സാമൂഹ്യരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്നത്തെ അത്തോളി പഞ്ചായത്തിന്റെ സ്ഥാനത്ത്, പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍, മൊടക്കല്ലൂര്‍ പഞ്ചായത്തായിരുന്നു നിലവിലുണ്ടായിരുന്നത്. അക്ഷരാഭ്യാസമുള്ളവര്‍ ഒത്തൂകൂടി കൈപൊക്കി വോട്ടു ചെയ്യുന്ന രീതിയിലായിരുന്നു അക്കാലത്തെ തെരഞ്ഞെടുപ്പ്. വട്ടക്കണ്ടി കുഞ്ഞിരാമന്‍ നായരായിരുന്നു ആദ്യപ്രസിഡന്റ്. ഇന്നത്തെ അത്തോളി പഞ്ചായത്ത്, പഴയ മൊടക്കല്ലൂരിന്റെ കൂടെ കൊളക്കാട,് വേളൂര്‍ തുടങ്ങിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് രൂപീകരിക്കുന്നത്. 1963 ഡിസംബര്‍ 13-നാണ് അത്തോളി പഞ്ചായത്ത് രൂപം കൊള്ളുന്നത്. എന്‍.കെ.നാരായണന്‍നായരായിരുന്നു ആദ്യപ്രസിഡണ്ട്.
വിദ്യാഭ്യാസചരിത്രം
നാട്ടെഴുത്തച്ഛന്‍മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന എഴുത്തുപള്ളികളിലൂടെയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ചെറുവലത്ത് കണ്ടി കുഞ്ഞിരാമന്‍ വൈദ്യര്‍, കോറോത്ത് രാമന്‍നായര്‍ എന്നിവര്‍ പ്രസിദ്ധരായ നാട്ടെഴുത്തച്ഛന്മാരായിരുന്നു. 1914-ല്‍ മൊടക്കല്ലൂരില്‍ ആരംഭിച്ച എല്‍.പി സ്കൂളാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം. പിന്നീട് 1918-ല്‍ വേളൂര്‍ മാപ്പിള സ്കൂള്‍ ആരംഭിച്ചു. 1924-ല്‍ ആരംഭിച്ച എലിമെന്ററി സ്കൂളാണ് മറ്റൊരു ആദ്യകാല വിദ്യാലയം. പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് ഈ വിദ്യാലയം വിട്ടുകൊടുത്തു. 1928-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ 8-ാം തരം വരെയുള്ള സ്ഥാപനമായി ഇതിനെ ഉയര്‍ത്തി. 1958 ജൂണ്‍ മാസത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഡിസ്ട്രിക്ട് ബോര്‍ഡ് എലിമെന്ററി സ്കൂള്‍, ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഇന്ന് തൊട്ടടുത്ത കോഴിക്കോട് നഗരത്തിലും കൊയിലാണ്ടിയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇവിടുത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. 1914-ലാണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമായ മൊടക്കല്ലൂര്‍ എല്‍.പി സ്ക്കൂള്‍ ആരംഭിച്ചത്. കൊങ്ങന്നൂരിലെ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാലയാണ് പഞ്ചായത്തിലെ ആദ്യഗ്രന്ഥാലയം.
അടിസ്ഥാനവികസനചരിത്രം
അത്തോളി പഞ്ചായത്തില്‍ ജലമാര്‍ഗ്ഗമുള്ള ഗതാഗതം മാത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. തെരുവത്ത് കടവ് മുതല്‍ എലത്തൂര്‍ വരെയുള്ള ബോട്ട് യാത്ര അന്ന് ഒരു ഉല്ലാസയാത്രയുടെ കൌതുകം ഉണ്ടാക്കിയിരുന്നു. കോവിലകങ്ങളിലുള്ളവര്‍ മഞ്ചലുകള്‍ ഉപയോഗിച്ചിരുന്നു. ചില വീടുകളില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പണിത പാതയാണ് പടിപടിയായി വികസിച്ച് ഇന്ന് സ്റ്റേറ്റ് ഹൈവേയായി മാറിയിരിക്കുന്നത.് 1972-ല്‍ പഞ്ചായത്തിലൂടെ ബസ്സ് സര്‍വ്വീസ് ആരംഭിച്ചു. വികസനരംഗത്ത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കാലത്തും അത്തോളിയില്‍ ജനകീയൈക്യം നിലനിന്നിരുന്നു. അത്തോളി-നന്മണ്ട റോഡ്, പുതിയങ്ങാടി-ഉള്ളിയേരി റോഡിന്റെ പഞ്ചായത്തിലെ ഭാഗം, വേളൂര്‍ വെസ്റ്റ് റോഡ്, കുനിയില്‍ കടവ് റോഡ്, കൊങ്ങന്നൂര്‍ റോഡ്, അത്തോളി-മൂര്‍ക്കനാട് റോഡ് തുടങ്ങിയവ ജനകീയസന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ രൂപം കൊണ്ടവയാണ്. 1970-കളുടെ അവസാനത്തില്‍ ടെലിഫോണ്‍ സൌകര്യം ലഭിച്ചു. 1974-ലാണ് വൈദ്യുതി ഈ ഗ്രാമത്തിലെത്തിയത്. അത്തോളിക്കു പാരമ്പര്യ വൈദ്യസമ്പ്രദായ രംഗത്ത് പ്രമുഖസ്ഥാനമാണുണ്ടായിരുന്നത്. നാലുപുരക്കല്‍ ചോയിവൈദ്യര്‍, കുനിയിലിടത്തില്‍ ചോയി വൈദ്യര്‍, അടുവാട്ട് വാര്യര്‍ തുടങ്ങിയവര്‍ പ്രമുഖ വൈദ്യന്മാരായിരുന്നു. അലോപ്പതി ചികിത്സാരംഗത്ത് പരേതനായ ശങ്കരന്‍ ഡോക്ടറുടെ സേവനം എടുത്തു പറയത്തക്കതാണ്. വസൂരിരോഗചികിത്സയ്ക്ക് കൂട്ടില്‍ മൂസ നല്‍കിയ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. മുമ്പുകാലത്ത് ഇടവിളയായി ചേമ്പ്, ചേന, മരച്ചീനി, ചെറുകിഴങ്ങ്, കാച്ചില്‍, പയര്‍, മുത്താറി, വാഴ, വെള്ളരി, മത്തന്‍ എന്നിവ കൃഷി ചെയ്തിരുന്നു. നാടന്‍ വിത്തിനങ്ങളും പരമ്പരാഗത കൃഷിരീതികളുമാണ് കര്‍ഷകര്‍ അവലംബിച്ചിരുന്നത്. മണ്ണിന്റെ തരവും ഗുണവും അറിയുമായിരുന്ന കര്‍ഷകര്‍ അതിനനുസരിച്ചുള്ള വിത്തുകളിറക്കുകയും യോജിച്ച വളപ്രയോഗത്തിലൂടെ പരമാവധി ഉല്‍പാദനം ഉണ്ടാക്കുകയും ചെയ്തിരുന്നു. ചാണകം, വെണ്ണീര്‍, പച്ചിലവളം തുടങ്ങിയ ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ജലസേചനത്തിനായി ഏത്തം, മുക്കല്‍, ചവിട്ടുചക്രങ്ങള്‍ എന്നിവ ഉപയോഗിച്ചിരുന്നു. കുന്നത്തറ ടെക്സ്റ്റയില്‍സ്, പരമ്പരാഗത മേഖലയിലെ കയര്‍വ്യവസായ യൂണിറ്റുകളുമാണ് പഞ്ചായത്തിലെ വ്യവസായസ്ഥാപനങ്ങള്‍.