കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കില്‍, ബാലുശ്ശേരി ബ്ളോക്കിലാണ് അത്തോളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അത്തോളി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന അത്തോളി ഗ്രാമപഞ്ചായത്തിനു 21.06 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തലക്കുളത്തൂര്‍, ചേമഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോരപ്പുഴയും, ഉള്ളിയേരി, ചേമഞ്ചരി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകളുമാണ്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കുറുമ്പ്രനാട് താലൂക്കിലെ 11 ദേശങ്ങളുള്‍ക്കൊള്ളുന്ന പ്രദേശമാണ് ഇന്നത്തെ അത്തോളി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 15 കിലോമീറ്ററോളം വടക്കുകിഴക്കു മാറി സ്ഥിതി ചെയ്യുന്ന അത്തോളി പഞ്ചായത്തിനെ നിമ്നോന്നതിയെ അടിസ്ഥാനപ്പെടുത്തി 20 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശം, 20 മുതല്‍ 160 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശം എന്നിങ്ങനെ രണ്ടായി തിരിക്കാം. ഏറ്റവും ഉയരമേറിയ ഭാഗം തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, സമുദ്രനിരപ്പില്‍ നിന്നും 160 മീറ്റര്‍ പൊക്കമുള്ള എലിയോട് മലയാണ്. വടക്കു-കിഴക്കുഭാഗവും, മധ്യഭാഗവും നിമ്നോന്നതമാണ്. പടിഞ്ഞാറുഭാഗം സാമാന്യേന 20 മീറ്ററില്‍ താഴെയായി സ്ഥിതി ചെയ്യുന്ന നിരന്ന പ്രദേശമാണ്. കുറുമ്പ്രനാട് താലൂക്കിന്റെ പ്രധാനപ്പെട്ട ഒരു നെല്ലറയായിരുന്നു അത്തോളി. ഇവിടുത്തെ ഇപ്പോഴത്തെ മുഖ്യവിള തെങ്ങാണ്. നെല്ല്, കവുങ്ങ്, വാഴ, കുരുമുളക്, റബ്ബര്‍, ഇഞ്ചി, കശുമാവ്, മരച്ചീനി, പയര്‍ എന്നിവയും ഇവിടുത്തെ കൃഷിയിനങ്ങളില്‍പ്പെടുന്നു. ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, പുഴയോരം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണ്, മണല്‍മണ്ണ്, എക്കല്‍ മണ്ണ്, ചെങ്കല്‍ പ്രദേശം എന്നിവയും കണ്ടുവരുന്നു. ചിലയിടങ്ങളില്‍ ദുര്‍ലഭമായി കളിമണ്ണും ഉണ്ട്. നെല്‍കൃഷി ചെയ്തിരുന്ന പ്രദേശങ്ങള്‍ ക്രമേണ മറ്റു വിളകള്‍ക്കു വഴിമാറിക്കൊടുത്തിരിക്കുന്നു.
നിങ്ങള്‍ക്ക് അത്തോളിയെ കുറിച്ച് കൂടുതലായി അറിയുമെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ അയക്കുകയോ ചെയ്യുക